മുസ്ലിം സ്ത്രീകളുടെ മാതൃക!

❝ അനസ് ബിൻ മാലിക് റദിയല്ലാഹുവിൽ നിന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ് :

നബി ﷺ സൈനബ് ബിൻത് ജഹ്ശ് റദിയള്ളാഹു അൻഹായെ വിവാഹം ചെയ്ത് വിവാഹ സദ്യ (വലീമ) നൽകിയ ശേഷം തന്റെ പത്നി ആഇശ റദിയല്ലാഹു അൻഹായെ സന്ദർശിച്ചു. അവരോട് പറഞ്ഞു : “വീട്ടുകാരെ ! അസ്സലാമു അലൈകും വറഹ്മതുല്ലാഹ് !”

നമ്മുടെ ഉമ്മ ആഇശ റദിയല്ലാഹു അൻഹാ പ്രതിവചിച്ചു : “വ അലൈക്കസ്സലാം വറഹ്മതുല്ലാഹ് ! താങ്കളുടെ ഭാര്യ എങ്ങനെയുണ്ട്? അല്ലാഹു അങ്ങേക്ക് ബറകത്ത് ചെയ്യട്ടെ !!”

നോക്കൂ നിങ്ങൾ!
എന്തുമാത്രം ഹൃദയവിശാലതയാണ് ആ മഹതി കാണിച്ചിരിക്കുന്നത്. ഫെമിനിസ്റ്റുകൾക്കും മതേതരന്മാർക്കും ഇഷ്ടപ്പെടുന്ന പ്രവാചക പത്നിമാരുടെ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ പ്രത്യേകം തെരഞ്ഞെടുത്ത് മസാല പുരട്ടി പ്രവാചക പത്നിമാരെ പാതി വെന്ത ഫെമിനിസ്റ്റുകളായി ചിത്രീകരിക്കുന്ന മതയുക്തിവാദികൾ അവരുടെ ഇത്തരം ഉദാത്തമായ മാതൃകകൾക്ക് നേരെ കണ്ണടക്കുകയാണ് പതിവ്.
പക്ഷേ, ഈമാനുള്ള മുസ്‌ലിം സ്ത്രീകൾക്ക് ചിന്തിക്കാൻ ഇത്തരം സംഭവങ്ങളിൽ ധാരാളം വകയുണ്ട്.

ആഇശ റദിയള്ളാഹു അൻഹാ പറഞ്ഞ അതേ വാക്കുകൾ മറ്റു ഭാര്യമാരും പ്രവാചകരോട് ആവർത്തിച്ചു എന്നാണ് ബുഖാരിയുടെ റിപ്പോർട്ടിൽ തുടർന്ന് കാണുന്നത്.

അവരും മനുഷ്യസ്ത്രീകളായിരുന്നു.
രക്തവും മാംസവുമുള്ള മാനുഷിക വികാരങ്ങളുള്ള, വല്ലപ്പോഴുമൊക്കെ ആത്മരോഷം പ്രകടിപ്പിച്ചിട്ടുള്ള മനുഷ്യസ്ത്രീകൾ. പക്ഷെ, തങ്ങളുടെ വികാരങ്ങളെക്കാൾ അല്ലാഹുവിന്റെ ശറഇന് അവർ പ്രാധാന്യം നൽകി.

പിൻഗാമികൾക്ക് മുഴുവൻ മാതൃകയായി, സർവോപരി സ്വർഗത്തിന് അർഹത നേടി. ദേഹേച്ഛയെ ധിക്കരിക്കുന്നവർക്കാണല്ലോ സ്വർഗം.

അല്ലാഹു മുസ്‌ലിം സ്ത്രീകൾക്ക് അവരുടെ യഥാർത്ഥ മാതൃകകളെ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ .. آمين. ❞

സാജിദ് ബിൻ ശരീഫ് وفقه الله

Add a Comment

Your email address will not be published. Required fields are marked*