മനസ്സിനെ ശുദ്ധീകരിക്കാനുള്ള വളരെ പ്രധാനപ്പെട്ട പത്ത് തത്വങ്ങൾ | ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ (حفظه الله) [ഭാഗം 2]

ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ (حفظه الله) [ഭാഗം 2]; 

മനസ്സുകളെ ശുദ്ധീകരിക്കുന്നതിൽ രണ്ടാമത്തെ ഖാഇദ ( അടിസ്ഥാനതത്വം) “പ്രാർത്ഥന”:

ആത്മ സംസ്കരണത്തിന്റെ താക്കോൽ നമ്മുടെ പ്രവാചകൻ صلى الله عليه وسلم പറഞ്ഞതായി ഹദീസിൽ കാണാം:

“അല്ലാഹുവിൻറെ അടുക്കൽ ദുആയെക്കാൾ ആദരണീയമായ ഒന്നുമില്ല.”

ദുആ എന്നത് ഇഹ-പര ലോകങ്ങളിലെ സകല നന്മകളുടെയും താക്കോലാകുന്നു. നന്മകളുടെ വഴികളും വാതിലുകളും തുറക്കുന്നതിൽ “ദുആയ്ക്ക്” അതി മഹത്തായ സ്വാധീനമുണ്ട്. അതുകൊണ്ടാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(رحمه الله) അബുൽ ഖാസിം അൽ മഗ്‌രിബിക്കുള്ള ഉപദേശത്തിൽ ഇപ്രകാരം പറഞ്ഞത് : “ദുആ എല്ലാ നന്മകളുടെയും താക്കോലാകുന്നു.”

മനുഷ്യൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന എന്തൊക്കെ നന്മകളുണ്ടോ, അതിന്റെയൊക്കെ മാർഗ്ഗം പ്രാർത്ഥന തന്നെ. അതിനാൽ ആരാണൊ സ്വന്തം മനസ്സിനെ ശുദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്, അവൻ പ്രാർത്ഥനയിലൂടെ അല്ലാഹുവിലേക്ക് മുന്നിട്ടു ചെല്ലട്ടെ. പ്രത്യേകിച്ച്, ഹദീസിൽ സ്ഥിരപ്പെട്ട ഇവ്വിഷയകമായ മഹനീയമായ പ്രാർത്ഥന. ഇമാം മുസ്ലിമിൻറെ റിപ്പോർട്ടിൽ, അല്ലാഹുവിൻറെ റസൂൽ പറയാറുള്ളതായി സ്ഥിരപ്പെട്ടിട്ടുള്ള പ്രാർത്ഥന ഇങ്ങനെയാണ്:

“അല്ലാഹുവേ! എൻറെ മനസ്സിന് നീ തഖ്:വ നൽകേണമേ! അതിനെ നീ ശുദ്ധീകരിക്കണമേ! നീയാണ് ഏറ്റവും നന്നായി മനസ്സിനെ ശുദ്ധീകരിക്കുന്നവൻ! നീയാണ് അതിൻറെ യജമാനനും സംരക്ഷകനും!”

അവിടുത്തെ പ്രാർത്ഥനയിൽ അധികവും ഇടം പിടിക്കാറുള്ള മറ്റൊരു പ്രാർത്ഥന ഇങ്ങനെ: “ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻറെ ഹൃദയത്തെ നിൻറെ ദീനിൽ ഉറപ്പിച്ചു നിർത്തേണമേ!”

ഇപ്രകാരം ആത്മ സംസ്കാരത്തിനായി അള്ളാഹുവോട് പ്രാർത്ഥിക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന മറ്റൊരു മാർഗ്ഗമാണ് ആത്മസംസ്കരണം അവൻറെ കൈയിലാണ് എന്ന തിരിച്ചറിവ്. അള്ളാഹു പറഞ്ഞതുപോലെ:

بَلِ ٱللَّهُ يُزَكِّي مَن يَشَآءُ وَلَا يُظۡلَمُونَ فَتِيلًا

എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.

-Sura An-Nisa’, Ayah 49

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدٗا وَلَٰكِنَّ ٱللَّهَ يُزَكِّي مَن يَشَآءُۗ وَٱللَّهُ سَمِيعٌ عَلِيمٞ

നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

-Sura An-Nur, Ayah 21

وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ

എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.

فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ

അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

-Sura Al-Hujurat, Ayah 7, 8

 

Add a Comment

Your email address will not be published. Required fields are marked*