ദീനിനെ നശിപ്പിക്കുന്നവർ…

ശൈഖ്‌ മുഹമ്മദ് ഇബ്നു സാലിഹ് അൽ ഉസൈമീൻ:

“…അതിനേക്കാൾ കടുത്തതാണ് ചില അക്രമികൾ ചെയ്യുന്ന കാര്യം. അവർ യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ശത്രുക്കളാണ്.
ഉലമാക്കൾക്കിടയിൽ ഏഷണി പറയുന്ന കൂട്ടർ.
അവർ ഒരു ആലിമിന്റെ അടുത്ത് ചെന്നിട്ട് പറയും “ഇന്നയിന്ന വ്യക്തി പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? അയാൾ ഇന്നയിന്ന പിഴച്ച വാദം പറഞ്ഞിരിക്കുന്നു.” അല്ലെങ്കിൽ “ഇന്നയിന്ന ആൾ താങ്കളെ ആക്ഷേപിച്ചിരിക്കുന്നു” യഥാർത്ഥത്തിൽ അങ്ങനെ ഒരു ആക്ഷേപവും ആ വ്യക്തി പറഞ്ഞിട്ടുണ്ടാവില്ല.
ഇതൊക്കെ ‘ഫസാദ്’ മാത്രമാണ്. ഒരിക്കലും ‘ഇസ്‌ലാഹ്’ അല്ല. പണ്ഡിതന്മാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന, അഭിപ്രായവ്യത്യാസങ്ങൾക്ക് അവസരമുള്ള ഇജ്തിഹാദിയായ വിഷയങ്ങളുടെ പേരിൽ ചേരിതിരിവും കുഴപ്പങ്ങളുമുണ്ടാക്കുന്ന ഇക്കൂട്ടർ യഥാർത്ഥത്തിൽ മുസ്ലിംകളുടെ ശത്രുക്കളാണ്.
തങ്ങൾ നന്നാക്കുന്നവരാണ് എന്നവർ ധരിക്കുന്നു. യഥാർത്ഥത്തിൽ അവർ നശിപ്പിക്കുന്നവരാണ്.
കാരണമെന്താണ്?
കാരണം ദീൻ വഹിക്കുന്നവരെ ദുർബലപ്പെടുത്തുക എന്നത് ദീനിനെത്തന്നെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്.
പണ്ഡിതന്മാരെ തമ്മിലടിപ്പിച്ച് അവരെ നാം ദുർബലരാക്കിയാൽ, ദീനിനെയാണ് നാം ക്ഷയിപ്പിക്കുന്നത്.
അങ്ങനെവന്നാൽ അവസാനം ജനങ്ങൾക്ക് ഒരാളെയും വിശ്വാസമില്ലാത്ത അവസ്ഥ വരും.

ഏതൊരാൾ ഏതൊരു ആലിമിന്റെ വാക്ക് ഉദ്ധരിച്ചാലും ജനങ്ങൾ ചോദിക്കും : “അയാളെക്കുറിച്ച് ഇന്നയാൾ കുറ്റം പറഞ്ഞിട്ടില്ലേ” എന്ന്!

ഇത് വളരെ മോശമായ ഒരു കാര്യമാണ് എന്നതിൽ സംശയമില്ല. ഇത് ഈ വിഡ്ഢികൾക്ക് ശൈത്താൻ നൽകിയ വഹ്യാകുന്നു.

മുസ്ലിമീങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഉലമാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടായാൽ ഐക്യവും രഞ്ജിപ്പുമുണ്ടാക്കി ഒരൊറ്റ സമുദായമായി മാറാൻ വേണ്ടി പരിശ്രമിക്കലാണ് മുസ്ലിംകളുടെ ബാധ്യത. അല്ലാഹു പറഞ്ഞത് പോലെ :

إِنَّ هَـٰذِهِۦۤ أُمَّتُكُمۡ أُمَّةࣰ وَ ٰ⁠حِدَةࣰ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ

“(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.”

യുവാക്കളെ നിങ്ങൾ ഇത്തരം ഫിത്നക്കാരെ കണ്ടാൽ അവരെത്തൊട്ട് ജനങ്ങളെ താക്കീത് ചെയ്യണം. അവരെക്കുറിച്ചും അവരുടെ മാർഗത്തേക്കുറിച്ചും നിങ്ങൾ താക്കീത് ചെയ്യുക. അവരെക്കൊണ്ട് അവർ കുറ്റം പറയുന്ന വ്യക്തികൾക്കല്ല മറിച്ച് എല്ലാ മുസ്ലിമീങ്ങൾക്കുമാണ് ഉപദ്രവം എന്ന കാര്യം നിങ്ങൾ വ്യക്തമാക്കണം.

ٱلَّذِینَ ضَلَّ سَعۡیُهُمۡ فِی ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ یَحۡسَبُونَ أَنَّهُمۡ یُحۡسِنُونَ صُنۡعًا

“ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.”

അല്ലാഹുവിൽ അഭയം.

ശൈഖിന്റെ സംസാരം കേൾക്കാൻ:

Add a Comment

Your email address will not be published. Required fields are marked*